തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച രാവിലെ 11-ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
മണ്ഡല കാലത്തെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതോടൊപ്പം ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച് സജീവമായ ചര്‍ച്ചയുണ്ടാവും. പുനഃപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്നതുമാത്രമാണ് സുപ്രീകോടതിയുടെ തീരുമാനം.സ്ത്രീപ്രവേശനവിധിയില്‍ സ്‌റ്റേ ഇല്ലാത്തതിനാല്‍ തന്നെ നിലവിലെ സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ തുടരുകയാണ്.
അടുത്ത മണ്ഡലകാലത്ത് ശബരിമലയിലേക്ക് ദര്‍ശനത്തിനായി യുവതികളെത്തിയാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.അതിനാല്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും യോഗത്തിന് ക്ഷണിച്ച് അഭിപ്രായമാരായും.നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ യോഗത്തിന് ക്ഷണിക്കുന്നുണ്ട്.സമുദായ സംഘടനകളെ ക്ഷണിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.