ന്യൂഡല്‍ഹി:ശബരിമല കേസ് തുറന്ന കോടതിയിലേക്ക്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.ജനുവരി 22-ന് തുറന്ന കോടതിയില്‍ പുനഃപരിശോധനാഹര്ജികളില് വാദം കേള്‍ക്കും.അടുത്ത മണ്ഡലകാലത്തിനുശേഷമായിരിക്കും വാദം തുടങ്ങുക.യുവതീപ്രവേശനവിധിക്ക് സ്റ്റേ ഇല്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേവസ്വംബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയക്കും.
ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാന്, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.ഖാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.മൂന്ന് മണിക്ക് തന്നെ അഞ്ച് ജഡ്ജിമാരും ചീഫ് ജസ്റ്റിസിന്റെ ചേംബറിലെത്തി ഇരുപത് മിനിറ്റുകൊണ്ട് 50 പുനഃപരിശോധനാ ഹര്‍ജികളും പരിഗണിച്ചശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മുറിയിലേക്ക് മടങ്ങുകയായിരുന്നു.
ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്,പന്തളം രാജകുടുംബം, എന്‍.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 50 പുനഃപരിശോധന ഹര്‍ജികളാണ് ബഞ്ച് പരിഗണിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നും ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജികള്‍.
സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് ചരിത്രവിധി പുറപ്പെടുവിച്ചത്. സ്ത്രീപ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കോടതി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഈ മണ്ഡലകാലത്ത് യുവതീപ്രവേശനവിധി നടപ്പാക്കേണ്ടിവരില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.