പമ്പ:ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സന്നിധാനവും സമീപപ്രദേശങ്ങളും കനത്ത പോലീസ് വലയത്തിലായി.20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 പേരെ സുരക്ഷയ്ക്കായി നിയോഗിച്ചു.ശബരിമലയ്ക്ക് 20 കിലോമീറ്റര്‍ അകലെ മുതല്‍ തന്നെ പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിലക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നീ നാല് സ്ഥലങ്ങളിലാണ് നാളെ അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.വരുന്നത് യഥാര്‍ത്ഥ ഭക്തരാണോയെന്നറിയാന്‍ ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.
മുന്‍പ് സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു.തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കല്‍ മുതല്‍ കടത്തിവിടില്ല.നിലയ്ക്കലില്‍ നിന്ന് വാഹനങ്ങള്‍ 11.30ന് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.എന്നാല്‍ നടന്ന് പോകാന്‍ അനുവദിക്കണമെന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം.ഇതേ തുടര്‍ന്ന് തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി.തുടര്‍ന്ന് തീര്‍ത്ഥാടകരുടെ ആവശ്യം പൊലീസ് അനുവദിക്കുകയായിരുന്നു.
തീര്‍ഥാടകര്‍ അല്ലാത്തവരെ നിലയ്ക്കല്‍ എത്തും മുന്‍പേ തിരിച്ചയയ്ക്കും.വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്.കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെയും കടത്തി വിടാന്‍ തുടങ്ങി.ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓരോ മാധ്യമ പ്രവര്‍ത്തകരുടെയും തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സുരക്ഷ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് സന്നിധാനത്തേക്ക് പൊലീസ് പ്രവേശിപ്പിക്കുന്നത്.