ദില്ലി:ശബരിമല വിഷയത്തില്‍ കേരളം അടിക്കടി നിലപാട് മാറ്റുന്നെന്ന് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം.ഇത് നാലാം തവണയാണ് കേരളം നിലപാട് മാറ്റുന്നത്.ശബരിമലയിലെ ആചാരങ്ങള്‍ മാനിച്ചു കൊണ്ട് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ നയം.ഈ നിലപാടിനെയാണ് കോടതി വിമര്‍ശിച്ചത്.
ക്ഷേത്രം പൊതുസ്വത്താണ്.എല്ലാ പൗരന്‍മാര്‍ക്കും അവിടെ പ്രവേശിക്കാന്‍ സാധിക്കണം.ശബരിമലയില്‍ പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കിയ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ നടപടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു.ഇതുസംബന്ധിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത സുപ്രീംകോടതി എന്തടിസ്ഥാനത്തിലാണ് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കി ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ചോദിച്ചു.
സ്ത്രീകള്‍ക്ക് ആര്‍ത്തവം നടക്കുന്ന കാലഘട്ടം എന്നതിന്റെ അടിസ്ഥാനത്തിലാണ് പത്ത് വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അമിക്കസ് ക്യൂറി വിശദീകരിച്ചു.എന്നാല്‍ പത്ത് വയസ്സിന് മുന്‍പേ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കാമെന്നും അന്‍പത് വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ ആര്‍ത്തവം തുടരാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമാണെന്ന് അമിക്കസ്‌ക്യൂറി നിരീക്ഷിച്ചു.പ്രായവും ആര്‍ത്തവവും കൂട്ടിക്കെട്ടിയുള്ള വിലക്ക് ഭരണഘടന വിരുദ്ധമായ വിവേചനമാണെന്ന് കോടതിയും നിരീക്ഷിച്ചു.സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തൊട്ടുകൂടായ്മയാണെന്ന പരാമര്‍ശവും സുപ്രീംകോടതി നടത്തിയിട്ടുണ്ട്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്‌സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.