ശബരിമല: ശബരിമല റെയില്‍പാതയും എയര്‍പോര്‍ട്ടും യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ശബരിമല ദേശീയ തീര്‍ഥാടനകേന്ദ്രമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ശബരിമലയില്‍ ഇത്തവണയും പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം അദ്ദേഹം നിര്‍വ്വഹിച്ചു.

ശബരിമലയില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ളവികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശ്രദ്ധിക്കേണ്ടതെന്നും ശിലാസ്ഥാപനം നിര്‍വ്വഹിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായരാജു, ജി. സുധാകരന്‍, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍, എം.പി.മാരായ ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, എം.എല്‍.എ.രാജു ഏബ്രഹാം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.