തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും സഭ തടസ്സപ്പെട്ടു.മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് നിയമസഭാ കവാടത്തിനുമുന്നില് സത്യഗ്രഹം തുടങ്ങി.വി എസ് ശിവകുമാര്‍,പാറക്കല്‍ അബ്ദുള്ള,എന്‍.ജയരാജ് എന്നിവരാണ് അനിശ്ചിതകാല സത്യാഗ്രഹമിരിക്കുന്നത്.ശബരിമലയിലെ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിന്‍വലിക്കുക, ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം.
നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചിരുന്നു. എന്നാല്‍ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയെന്ന് പറഞ്ഞതോടെ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലേക്ക് എത്തുകയായിരുന്നു.ചോദ്യത്തര വേള പുരോഗമിക്കുന്നതിനിടെ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടര്‍ന്നു.കറുത്ത ബാനര്‍ കൊണ്ട് സ്പീക്കറുടെ കാഴ്ച മറച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു.മുഖ്യമന്ത്രിക്ക് ആര്‍എസ്എസുമായി ഒത്തുകളിയെന്ന് ചെന്നിത്തല ആരോപിച്ചു.അന്നദാനത്തിന് ആര്‍എസ്എസ് സംഘടനയ്ക്ക് അനുമതി നല്‍കിയത് ഇതിന് തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇരുവിഭാഗവും നേര്‍ക്കുനേര്‍ വെല്ലുവിളിച്ചതോടെ സഭ സ്തംഭിക്കുകയായിരുന്നു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതിപക്ഷത്തിന്റെ എംഎല്‍എമാര്‍ സത്യാഗ്രഹവും തുടങ്ങി.