തിരുവനന്തപുരം:ശബരിമലയിലെ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കോണ്‍ഗ്രസ് എംപിമാരെ സോണിയാ ഗാന്ധി ശകാരിച്ചുവെന്നത് വ്യാജവാര്‍ത്തയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കേരളത്തിലെ കാര്യങ്ങള്‍ കൃത്യമായി അറിയാമെന്നും അവരോട് ചോദിച്ചിട്ടാണ് ശബരിമല വിഷയത്തില്‍ തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വ്യാജവാര്‍ത്ത സിപിഎം കേന്ദ്രങ്ങള്‍ പത്രത്തിന് നല്‍കിയതാണ്.സോണിയാഗാന്ധി എംപിമാരോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പാര്‍ലമെന്റില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ചെത്തിയതിന് സോണിയാഗാന്ധി ശകാരിച്ചുവെന്ന വാര്‍ത്ത ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ പ്രതിഷേധമാകാമെന്നും ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഇതല്ലെന്നും സോണിയ പറഞ്ഞതായാണ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം ഇന്നും കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജ് ധരിച്ചാണെത്തിയത്.