തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെക്കേണ്ടി വരുന്നത്.സഭ തുടങ്ങിയപ്പോള്‍ത്തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയത്തില്‍ അടിയന്തിര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്ലക്കാര്‍ഡും ബാനറുകളുമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ശബരിമലപ്രദേശത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ മറ്റ് നടപടികളിലേക്ക് കടന്നു.
പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഇന്നലെ ചര്‍ച്ചചെയ്തതാണെന്നും അത് വീണ്ടും ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിപിണറായി വിജയന്‍ വ്യക്തമാക്കി.പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ചോദ്യോത്തര വേള തടസപ്പെടുത്തുന്നത് ജനവിരുദ്ധ നടപടിയാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃക്ണന്‍ പറഞ്ഞു.ഗവര്‍ണര്‍ പറഞ്ഞത് പ്രതിപക്ഷം കേട്ടിരുന്നോയെന്നും സ്പീക്കര്‍ ചോദിച്ചു. തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സഭ പിരിയുകയായിരുന്നു.
