തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നും സഭാനടപടികള്‍ തടസ്സപ്പെട്ടു.തുടര്‍ന്ന് തുടങ്ങി 20 മിനിറ്റിനുള്ളില്‍ സഭ പിരിഞ്ഞു.ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഇന്ന് മുന്നോട്ടുവച്ചത്.ശബരിമലയിലെ അടിസ്ഥാന സൗകര്യമില്ലായ്മ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ സ്പീക്കര്‍ ഈ ആവശ്യം നിരാകരിച്ചു.പ്രതിപക്ഷാംഗങ്ങള്‍ തുടര്‍ച്ചയായി മര്യാദയും മാന്യതയും ലംഘിക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.അടിയന്തര പ്രമേയ നോട്ടീസില്‍ പുതുതായി ഒന്നുമില്ലെന്നും ചോദ്യോത്തര വേളയോട് പ്രതിപക്ഷം സഹകരിക്കണണെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.എട്ട് മണിക്കൂറോളം ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭ ചര്‍ച്ച ചെയ്തെന്നും സ്പീക്കര്‍ പറഞ്ഞു. ബഹളത്തിനിടയില്‍ മന്ത്രി ടി പി രാമകൃഷ്ണന് ലഹരി ഉപയോഗം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്കി.തുടര്‍ന്ന് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.