പമ്പ:ശബരിമലയില്‍ സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്കൊടുവില്‍ മനിതി സംഘവും മലകയറാനാവാതെ തിരിച്ചിറങ്ങി.എന്തു വന്നാലും അയ്യപ്പനെക്കാണാതെ മടങ്ങില്ലെന്നു പറഞ്ഞെത്തിയ യുവതികള്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് തിരികെപ്പോകുന്നത്.ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും,എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നെന്നാണ് മനിതി സംഘം പറഞ്ഞത്.അതേസമയം യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നാണ് പൊലീസ് അറിയിച്ചത്.
ആറ് മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനുമൊടുവിലാണ് പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്.മൂന്ന് പ്രാവശ്യം മെഗാ ഫോണിലൂടെ നാമജപ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടു.തുടര്‍ന്ന് കാനനപാതയ്ക്ക് സമീപത്തേക്ക് പൊലീസ് വാഹനം എത്തിച്ചു. വഴിയില്‍ കിടന്ന് പ്രതിഷേധിച്ച പ്രതിഷേധക്കാരെ പമ്പ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തിലേക്ക് മാറ്റി. പൊലീസിന്റെ കമാന്‍ഡോ വിഭാഗവും പൊലീസ് നടപടിയുടെ ഭാഗമായി.തുടര്‍ന്ന് മനിതി സംഘത്തിലെ യുവതികളുമായി പൊലീസ് കാനന പാതയിലൂടെ അല്‍പ്പം മുന്നോട്ട് നീങ്ങിയെങ്കിലും നൂറുകണക്കിന് പ്രതിഷേധക്കാര്‍ സംഘടിച്ച് ഇവരെ വീണ്ടും തടഞ്ഞു.യുവതികളുടെ നേരെ പ്രതിഷേധക്കാര്‍ കൂക്കിവിളിച്ചുകൊണ്ട് ഓടിയടുത്തു.തുടര്‍ന്ന് പോലീസ് ഇവരെ ഗാര്‍ഡ് റൂമിലേക്ക് സുരക്ഷിതരായി മാറ്റി.പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് മനിതി സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
നാമജപ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം യുവതികളെ പൊലീസ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വച്ച് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ സുബ്രഹ്മണ്യന്‍ മനിതി സംഘവുമായി സംസാരിച്ചു.തുടര്‍ന്നാണ് യുവതികളുമായി പൊലീസ് വാഹനം നിലയ്ക്കലേക്ക് പോയത്.സ്വന്തം തീരുമാനപ്രകാരമാണ് യുവതികള്‍ മടങ്ങിയത് എന്ന് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.മനിതി സംഘം മടങ്ങിയെത്തിയാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.