പത്തനംതിട്ട:ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പങ്കാളികളായ 1,407 പേര്‍ ഇതുവരെ അറസ്റ്റിലായി.ഇതുവരെ 258 കേസുകളും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
കോട്ടയം,എറണാകുളം,പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം,തിരുവല്ല,ചിറ്റാര്‍,ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. ഇതില്‍ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഇതുവരെ 236 പേര്‍ അറസ്റ്റിലായി. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.ഇവരില്‍ ചിലര്‍ക്ക് ജാമ്യം കിട്ടിയിട്ടുണ്ട്.ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് ഉടന്‍ പുറത്തുവിടും.
210 അക്രമികളുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതില്‍ 160 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരുള്‍പ്പെടെ 157 പേരെ അറസ്റ്റ് ചെയ്തു.ഇതിനിടെ പോലീസിനു പറ്റിയ വലിയ അബദ്ധം ചര്‍ച്ചയായി.ലുക്ക് ഔട്ട് നോട്ടീസില്‍ 167-ാം നമ്പറായി ചേര്‍ത്തിരുന്നത് പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമായിരുന്നു.ഇത് വിവാദമായതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ഈ ചിത്രം നീക്കി.