ദില്ലി:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മന്ത്രി ഇപി ജയരാജനുനേരെ ദില്ലിയില്‍ പ്രതിഷേധം.സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്കണമെന്നാവശ്യപ്പെട്ട് ദില്ലി കേരളാ ഹൗസിന് മുന്നില്‍ ഹിന്ദു സംഘടനകള്‍ ജയരാജന്റെ വാഹനം തടഞ്ഞു.സിപിഎം കേന്ദ്രകമ്മറ്റിയംഗം കെ.രാധാകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും ജയരാജനൊപ്പമുണ്ടായിരുന്നു.
സ്ത്രീപ്രവേശനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ ശേഖരിച്ച ഒപ്പുകള്‍ കേരളാ ഹൗസിലെത്തി മന്ത്രിക്ക് സമര്‍പ്പിക്കാനെത്തിയതായിരുന്നു പ്രതിഷേധക്കാര്‍.കേന്ദ്ര കമ്മിറ്റി കഴിഞ്ഞ് തിരികെയെത്തിയ ജയരാജന് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേരളാ ഹൗസില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.
സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം സമര്‍പ്പിക്കാനാണെത്തിയതെന്നും എന്നാല്‍ മന്ത്രി കേള്‍ക്കാന്‍ പോലും ശ്രമിച്ചില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.പിന്നീട് മന്ത്രി എ.കെ ബാലന്‍ നിവേദനം സ്വീകരിച്ചതോടെ പ്രതിഷേധം അവസാനിക്കുകയായിരുന്നു.