തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു.ദേവസ്വം ബോര്‍ഡ് അധികാരികളും പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.ഇവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തള്ളിയതിനെത്തുടര്‍ന്ന് ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു.                                                                ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്നും നാളെ നടതുറക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ പുനപരിശോധന ഹര്‍ജി നല്‍കണമെന്നായിരുന്നു പന്തളം കൊട്ടാരം പ്രതിനിധിയും തന്ത്രികുടുംബാംഗവും, അയ്യപ്പസേവാസംഘം പ്രതിനിധിയും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
1991 ല്‍ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ പുറപ്പെടുവിച്ച വിധിന്യായം ഇപ്പോഴും നിലനില്‍ക്കുന്നതാണെന്ന വാദവും ദേവസ്വംബോര്‍ഡ് അംഗീകരിക്കില്ല.ബോര്‍ഡിന്റെ നിലപാട് ദുഖകരമാണെന്ന് പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു.
എന്നാല്‍ പുനഃപരിശോധന ഹര്‍ജിയെക്കുറിച്ചുള്ള തീരുമാനം 19-ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് പറഞ്ഞെങ്കിലും ചര്‍ച്ചയ്‌ക്കെത്തിയവര്‍ ഇതിന് തയ്യാറാകാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് എ.പദ്മകുമാര്‍ പറഞ്ഞു.എന്നാല്‍ ഇനിയും ചര്‍ച്ചകള്‍ക്ക് ദേവസ്വം ബോര്‍ഡ് തയ്യാറാണെന്നും പദ്മകുമാര്‍ പറഞ്ഞു.