തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ വേറിട്ട നിലപാടുമായി ബിജെപി മുഖപത്രമായ ജന്‍മഭൂമി.ശബരിമലയില്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്നത് ക്ഷേത്രത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്നാണ് ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സഞ്ജയന്റെ ലേഖനം പറയുന്നത്.ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ കൈകൊണ്ട നിലപാടിന് കടകവിരുദ്ധമാണ് ജന്മഭൂമിയിലെ ലേഖനം.ഇത് പാര്‍ട്ടി നിലപാടല്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
സുപ്രീംകോടതി വിധിയെക്കുറിച്ച് ചിലര്‍ ആശയക്കുഴപ്പം സൃഷ്ടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ലേഖനം പറയുന്നു. ഈ ഉത്തരവ് ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങള്‍ക്കും വേണ്ടിയുള്ളതല്ല. ശബരിമല എപ്പോള്‍ സന്ദര്‍ശിക്കണം വേണ്ട, എന്നതെല്ലാം വിശ്വാസികളായ സ്ത്രീകള്‍ക്ക് വിട്ടുകൊടുക്കുക. മതസ്വാതന്ത്ര്യം മൗലികാവകാശമാണ്,പക്ഷേ, അത് മറ്റ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകരുതെന്ന കോടതി വിധിയുടെ അന്തഃസ്സത്തയോട് വിയോജിക്കാനാകില്ലെന്നും ആര്‍.സഞ്ജയന്‍ ലേഖനത്തില്‍ പറയുന്നു.
സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. മാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു.
സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പരിശ്രമം നടത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഹിന്ദു സമൂഹത്തെ മൊത്തത്തില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ആ വിധി തീര്‍പ്പിലില്ല. ഒരു കീഴ്നടപ്പിനെയാണ് സുപ്രീംകോടതി അസാധുവാക്കിയിരിക്കുന്നത്.കുട്ടികളുടെ ചോറൂണുപോലുള്ള ചടങ്ങുകള്‍ക്കായി പണ്ടുമുതലേ ഭക്താരയ സ്ത്രീകള്‍ ദേവസ്വം അധികൃതരുടെ അറിവോടെ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നാണ് അറിയുന്നത്.
കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാന്‍ കഴിയില്ല. സന്ദര്‍ശിക്കണോ വേണ്ടയോ എപ്പോള്‍ സന്ദര്‍ശിക്കണമെന്നത് ഭക്താരയ സ്ത്രീകള്‍ക്ക് തന്നെ വിട്ടുകൊടുക്കുക.പുരുഷാധിപത്യത്തിന്റെ കാലം അവസാനിച്ചുവെന്ന് എല്ലാവരും മനസ്സിലാക്കണം.
ക്ഷേത്രങ്ങളുടെയും ധര്‍മ്മസ്ഥാപനങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണം ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. പക്ഷേ അവ സംരക്ഷിക്കപ്പെടേണ്ടത് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടുവേണം. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തില്‍ ജീര്‍ണ്ണതയും സംഘര്‍ഷവും ചൂഷണവും വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂ.
പരിവര്‍ത്തനോന്മുഖതയാണ് ആധുനിക ഹിന്ദു നവോത്ഥാനത്തിന്റെ മുഖമുദ്ര. അത് സൃഷ്ടിച്ച പ്രബുദ്ധതയെയും സമാജ ഐക്യത്തേയും സ്ഥാപിത താല്പര്യക്കാര്‍ക്ക് അവരുടെ ചൂഷണോപാധിയാക്കാന്‍ അനുവദിക്കരുത്.വൈകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ചിന്താശൂന്യമായ നിലപാടുകള്‍ ഗുണം ചെയ്യില്ല.ലേഖനത്തില്‍ വിശദമാക്കുന്നു.