ദില്ലി:ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സാവകാശംതേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.ക്രമസമാധാനപ്രശ്‌നം പറയാതെ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.സ്ത്രീപ്രവേശനവിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാനിരിക്കെ അതുവരെ വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം.
ഹര്‍ജി നല്‍കാമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടിയിരുന്നു.സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് മാത്രമാണ് ബോര്‍ഡ് ആവശ്യപ്പെടുക.
എത്ര കാലം സാവകാശം നല്‍കാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാര്‍ പറഞ്ഞു.ദേവസ്വംബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ അഡ്വ. ചന്ദ്രോദയ് സിംഗ് ഹാജരാകും.ഒപ്പം ദേവസ്വംബോര്‍ഡിന്റെ അഭിഭാഷകന്‍,അഡ്വ.സുധീറും സുപ്രീംകോടതിയില്‍ ബോര്‍ഡിനെ പ്രതിനിധീകരിക്കും.
അതേസമയം ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാന്‍ ആവില്ലെന്ന് സുപ്രീം കോടതി. ജനുവരി 22ന് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കാനിരിക്കെ ഒരാവശ്യവും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വ്യക്തമാക്കി.അതുകൊണ്ട് തന്നെ ദേവസ്വംബോര്‍ഡിന്റെ ഹര്‍ജിയും ഇപ്പോള്‍ പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.