കാസര്‍ഗോഡ്:പെരിയയില്‍ വെട്ടേറ്റുമരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്റെ വീട്ടിലെത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ദുഖം നിയന്ത്രിക്കാനാനാവാതെ പൊട്ടിക്കരഞ്ഞു. നിലത്തു വീണ് കിടന്ന് കരയുന്ന ശരത്തിന്റെ സഹോദരി അമൃതയേയും അച്ഛന്‍ സത്യനെയും ആശ്വസിപ്പിക്കുമ്പോഴാണ് കെപിസിസി അധ്യക്ഷന്‍ നിയന്ത്രണംവിട്ട് കരഞ്ഞത്.
കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആദ്യഗഡുവായി 10 ലക്ഷം രൂപ ഉടനെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നും പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൊല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഗൂഢാലോചന നടത്തിയ സിപിഎം നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.