ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശശികല നടരാജന്‍ പക്ഷത്തിന് തിരിച്ചടി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പക്ഷത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് അനുമതി നല്‍കി. എഐഎഡിഎംകെ എന്ന പേരും ഇപിഎസ്-ഒപിഎസ് പക്ഷത്തിന് ഇനി ഉപയോഗിക്കാം.

ജയലളിതയുടെ മരണശേഷം പാര്‍ട്ടി ഒ പനീര്‍ശല്‍വത്തിന്റെയും ശശികലയുടെയും നേതൃത്വത്തില്‍ രണ്ട് ചേരിയായി നിലകൊള്ളുകയും ഇരുപക്ഷവും രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം മരവിപ്പിച്ചിരിക്കുകയായിരുന്നു. ജയലളിതയുടെ മണ്ഡലമായ ചെന്നൈ ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായിയിട്ടായിരുന്നു ഇരുപക്ഷവും ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.