ന്യൂഡല്‍ഹി:ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി.കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷയിലാണ് അറസ്റ്റിനുള്ള മുന്‍ വിലക്ക് കോടതി നീക്കിയത്. വിശ്വസ്തനായ രാജീവ്കുമാറിനെതിരായ കോടതി ഉത്തരവ് മമതയ്ക്ക് വലിയ തിരിച്ചടിയായി.
എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നീക്കിയ ഉത്തരവ് 7 ദിവസത്തിന് ശേഷമേ നടപ്പാവൂ എന്നും കോടതി പറഞ്ഞു.ഇതിനകം രാജീവ്കുമാറിന് നിയമ നടപടികള്‍ സ്വീകരിക്കാം.രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും എന്നാല്‍ സിബിഐ അന്വേഷണവുമായി രാജീവ്കുമാര്‍ സഹകരിക്കണമെന്നും ഈ വര്‍ഷം ഫെബ്രുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.