തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയശേഷം ഒളിവില്‍പ്പോയ ഒന്നാംപ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തികനഗറിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും റെയ്ഡില്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഒന്നും എഴുതാത്ത അമ്പതോളം ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഉത്തരക്കടലാസുകളും സീലും ഇയാള്‍ എന്തിനാണ് വീട്ടില്‍ സൂക്ഷിച്ചതെന്ന് വ്യക്തമല്ല. ഒളിവില്‍ കഴിയുന്ന ശിവരഞ്ജിത്തിനും മറ്റു പ്രതികള്‍ക്കുമായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനു പിന്നാലെയാണ് പോലീസ് റെയ്ഡ് നടത്തുന്നത്.