പദ്മാവതി ചിത്രത്തിനെതിരെ വീണ്ടും രജപുത്ര കര്‍ണി സേന. ഇത്തവണ പരസ്യമായി പരിധിവിട്ടുള്ള ഭീക്ഷണിയാണ് സേനയുടെ രാജസ്ഥാന് ഘടകം അധ്യക്ഷന്‍ മഹിപാല്‍ സിങ് മക്രാനയും കണ്‍വീനര്‍ ലോകേന്ദ്ര സിങ് കാല്‍വിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ചിത്രത്തില്‍ റാണി പദ്മാവതിയെ അവതരിപ്പിച്ച ദീപിക പദുക്കോണിനു നേരെയാണ് ഭീഷണി. വേണ്ടിവന്നാല്‍ രാമായണത്തിലെ ശൂര്‍പ്പണഖയെപ്പോലെ ദീപികയുടെ മൂക്ക് ചെത്താന്‍ ഞങ്ങള്‍ മടിക്കില്ലെന്നാണ് കാല്‍വി പരസ്യമായി പറഞ്ഞത്.
കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ശക്തമായി വിമര്‍ശിച്ചതാണ് ദീപികയ്ക്കെതിരെ തിരിയാന്‍ സേനയെ പ്രേരിപ്പിച്ചത്. രാജ്യം പിന്നോട്ടാണ് യാത്ര ചെയ്യുന്നതെന്നും ഭയാനകമാണ് ഈ അവസ്ഥയെന്നുമാണ് കഴിഞ്ഞ ദിവസം ദീപിക പ്രതികരിച്ചത്.
ചിത്രത്തില്‍ ചരിത്രവസ്തുതകള്‍ വളച്ചൊടിച്ചിട്ടില്ലെന്ന് പറഞ്ഞ് ദീപിക ഒരു വീഡിയോ പുറത്തിറക്കിയിരുന്നെങ്കിലും രജപുത്ര കര്‍ണി സേന അതിലും തൃപ്തരായിട്ടില്ല. ദീപിക സ്ത്രീകളെ അപമാനിക്കുകയാണെന്നും ഇത്തരം പ്രവര്‍ത്തികളിലൂടെ ദീപിക തന്നെയാണ് രാജ്യത്തെ പിന്നോട്ടു നയിക്കുന്നത് എന്നും സേന ആരോപിച്ചു.
ദുബായില്‍ നിന്നും ചരിത്രം വളച്ചൊടിക്കുന്നതിന് സഞ്ജയ് ലീല ബന്‍സാലിക്ക് പണം ലഭിക്കുന്നുണ്ടെന്നും കാല്‍വി പറഞ്ഞു. ചിത്രം ഒരുകാരണവശാലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വേണ്ടിവന്നാല്‍ ഭാരത്ബന്ദ് നടത്തുമെന്നും കാല്‍വി പത്രസമ്മേളനത്തില്‍ ഭീഷണി മുഴക്കി.
സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെ തലയറുക്കുമെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്നിക്കിരയാക്കുമെന്നും മുന്‍പ് സേന പറഞ്ഞിരുന്നു. കൂടാതെ ചിത്രത്തിന്റ സെറ്റിന് തീയിടുകയും ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
