എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണത്തിലെ യഥാര്‍ത്ഥ പ്രതികളെ ദിവസങ്ങള്‍ക്ക് ശേഷവും അറസ്റ്റ് ചെയ്യാനാവാതെ പ്രത്യേക അന്വേഷണസംഘം ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ അന്വേഷണം എത്രയും വേഗം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ കെ. മോഹന്‍ദാസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.
ശ്രീജിത്തിന്റെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തുക കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരിന് ഈടാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ ഭാര്യക്ക് എത്രയും വേഗം സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാര്യയും മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയും വൃദ്ധമാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന് നഷ്ടപമായത് ഏക അത്താണിയാണ്.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യണം. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറിക്കാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.