തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ചതിനു പിന്നാലെ ശ്രീറാമിനൊപ്പം വിവാദത്തിലായത് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസ് എന്ന യുവതിയാണ്. കേസില്‍ പ്രതിയായതിനൊപ്പം വഫയെക്കുറിച്ച് നിരവധി കഥകളും പുറത്തിറങ്ങി.ഉന്നതരുമായി ബ ന്ധമുണ്ടെന്നും തിരക്കുള്ള മോഡലാണെന്നും ബിസിനസുകാരിയാണെന്നും വിവാഹമോചനം നടത്തിയതാണെന്നും മറ്റും പ്രചരിക്കുകയാണ്. വഫയുടേതെന്നു പറഞ്ഞ് വ്യാജചിത്രങ്ങള്വരെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ തനിക്കെതിരെ പ്രചരിക്കുന്നതെല്ലാം അസത്യ വാര്‍ത്തകളാണെന്ന് വഫ ഫിറോസ് അവകാശപ്പെടുന്നു. വിവാഹമോചനം നടത്തിയിട്ടില്ലെന്നും ഭര്‍ത്താവും കുടുംബവും പിന്തുണയുമായി ഒപ്പമുണ്ടെന്നും വഫ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് വഫാ ഫിറോസിന്റെ വെളിപ്പെടുത്തല്‍.
തന്റെ മാതാപിതാക്കള്‍ 30 വര്‍ഷമായി ദമാമില്‍ ഷോപ്പ് നടത്തുന്നുണ്ടെന്നതല്ലാതെ മറ്റൊരു ബിസിനസുമില്ലെന്ന് വഫ പറയുന്നു.താൻ ഒരിക്കലും മോഡലായിരുന്നില്ല. ഒരു ചുരിദാറിന്റെ പരസ്യം മാത്രമാണ് മോഡൽ എന്ന് പറയാവുന്ന തരത്തിൽ ചെയ്തിട്ടുള്ളത്. സഹോദരന് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് മറൈന്‍ എഞ്ചിനിയറാണ്. വിവാഹമോചിതയാണെന്ന് വാര്‍ത്ത പ്രചരിച്ചത് തെറ്റാണ്. ഭര്‍ത്താവിന്റെ പിതാവും മാതാവുമാണ് തന്നെ ഇറക്കാന്‍ വേണ്ടി പൊലീസ് സ്റ്റേഷനില്‍ വന്നതെന്നും വഫ വെളിപ്പെടുത്തുന്നു.
ശ്രീറാം വെങ്കിട്ടറാമിനെ ഒരു ഷോ കണ്ട് അഭിനന്ദിക്കാന്‍ വിളിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ നേരിട്ട് ഒരു തവണ കണ്ടു.കണ്ടതില്‍ വച്ച് മാന്യനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടറാമന്. ഇത് വരെ ഒരു മോശം അനുഭവം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. രാത്രി ഡ്രോപ് ചെയ്യാമോ എന്ന് ശ്രീറാം മെസേജ് അയച്ച് ചോദിച്ചു.ശ്രീറാം വെങ്കിട്ടറാമനെക്കുറിച്ച് തനിക്ക് ഒരു ബോധ്യമുള്ളതുകൊണ്ടാണ് പോയത്.ശ്രീറാം നല്ല വേഗതയിലാണ് വണ്ടിയോടിച്ചത്. ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു. അതെന്തായിരുന്നുവെന്ന് ടെസ്റ്റുകള്‍ വേണം തെളിയിക്കാനെന്നും വഫ വിശദീകരിക്കുന്നു.
അപകടം നടന്നുകഴിഞ്ഞയുടന് പുറത്തിറങ്ങി പരിക്കേറ്റയാളെ ശ്രീറാം എടുത്തെന്നും അവിടെ കൂടിയവരോടെല്ലാം രക്ഷിക്കാന്‍ ആവശ്യപ്പെട്ടെന്നും വഫ പറയുന്നു.എന്നാല്‍ എല്ലാവരും ആംബുലന്‍സ് വരട്ടെ എന്നു പറഞ്ഞു.തുടര്‍ന്ന് ആംബുലന്‍സ് എത്തിയാണ് പരിക്കേറ്റയാളെ എടുകൊണ്ടുപോയതെന്നും വഫ പറഞ്ഞു. മെറിന് ജോസഫുമായി ഒരു സലൂണില്‍ വെച്ചാണ് പരിചയപ്പെട്ടത്.മെറിനും ശ്രീറാമുമല്ലാതെ ഒരു ഉന്നതരേയും തനിക്കു പരിചയമില്ലെന്നും വഫ അവകാശപ്പെടുന്നു.