കൊളംബോ:ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കയുടെ കരസേനാ മേധാവി.ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായ്കിന്റെ ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തല്‍.കാശ്മീരിലും ബംഗളൂരുവിലും തീവ്രവാദികള്‍ പരിശീലനത്തിനായി എത്തിയിരുന്നതായും അദ്ദേഹം പറയുന്നു.
2017-ലാണ് ചാവേറുകളില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുകയാണ്. കേരളത്തില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടില്‍ തൗഹീദ് ജമാഅത്ത് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഓഫീസില്‍ റെയ്ഡ് നടന്നത്.തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു.