കൊച്ചി: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകാനായ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച്.സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കി.ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ്, ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിക്കാരുടെ വാദം മാത്രം പരിഗണിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് വിധി. അതേസമയം സര്‍ക്കാരില്‍ നിന്നും നീതി കിട്ടിയില്ലെന്നും കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു.
കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കണ്ണൂരില്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ആക്രമിസംഘമെത്തി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.തുടര്‍ന്ന് ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നാണ്
ഷുഹൈബ് മരിച്ചത്.