നടന് ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി കമല്‍. ഒരു സിനിമ തീര്‍ക്കാനായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ നടന് സിനിമയോടാണ് പ്രതിബദ്ധത കാണിക്കേണ്ടതെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. ഷെയ്ന് വിചാരിച്ചിരുന്നെങ്കില്‍ ഈ വിവാദങ്ങളൊക്കെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. നടന്മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനമെന്നും നിര്‍മ്മാതാക്കളുടെ പ്രശ്നങ്ങള്‍കൂടി നടന്മാര്ക്ക് മനസ്സിലാക്കാന്‍ സാധിക്കണമെന്ന് കമല്‍ പറഞ്ഞു. പക്ഷെ ഷെയ്നിനെ സിനിമയില്‍ നിന്ന് വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് കമല്‍ പറഞ്ഞു. ഷെയ്നിനെ വിലക്കിയാല്‍ ആദ്യം പ്രതികരിക്കുക താനായിരിക്കും. അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും, ഈ വിഷയത്തില്‍ അമിത വൈകാരിക പ്രകടനം ഇരുകൂട്ടരുടെയും ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. അതേ സമയം ഷെയിന്‍ നിഗം അജ്മീറില്‍ നിന്നും തിരികെ എത്തിയതോടെ സമവായ ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണെന്നാണ് വിവരം.