ഷെയിന്‍ നിഗവുമായി ഇനി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചു. ഷെയിനിനെ ഇനി തങ്ങളുടെ ഒരു സിനിമയിലും അഭിനയിപ്പിക്കില്ലെന്നും രണ്ട് സിനിമകള്‍ക്കുമായി ചിലവായ ഏഴ്‌കോടി രൂപ തിരികെ നല്‍കാതെ സഹകരിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ തുക തിരികെ നല്‍കുന്നതു വരെ ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ല എന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. വിലക്കിന്റെ കാര്യം താരസംഘടനായായ അമ്മയെ അറിയിച്ചെന്നും നിര്‍മ്മാതാവ് രഞ്ജിത്ത് അറിയിച്ചു. രണ്ട് ചിത്രങ്ങള്‍ക്കുമായി ഷെയ്ന്‍നിഗം മൂലം ഭീമമായ തുക നഷ്ടമായതിനാല്‍ രണ്ടു ചിത്രങ്ങളും ഉപേക്ഷിക്കുകയാണെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. സഹകരിക്കാത്തതു മാത്രമല്ല നടനെതിരെ കടുത്ത ആരോപണങ്ങളും നിര്‍മ്മാതാക്കള്‍ ഉന്നയിക്കുന്നുണ്ട്. മലയാളസിനിമയിലെ ഒരു കൂട്ടം യുവതലമുറ ലഹരിക്കടിമപ്പെട്ടിരിക്കുകയാണെന്നും, ലഹരി പദാര്‍ത്ഥങ്ങള്‍ ലൊക്കേഷനില്‍ എത്തിക്കുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു. മോഹന്‍ലാലും, മമ്മൂട്ടിയും അടക്കമുള്ളവര്‍ എത്രയോ കാലങ്ങളായി നിര്‍മ്മാതാക്കളുടെ വരുമാനത്തിനനുസരിച്ച് സഹകരിച്ചവരാണ്. ഇന്ന് ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാല്‍ ഇവരുടെ സ്വഭാവം സഹിക്കാന്‍ പറ്റാത്ത തരത്തിലായി കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഈ സിനിമകള്‍ക്ക് വേണ്ടി ചിലവായ തുകയും അതിന്റെ നഷ്ടവും എന്ന് തിരിച്ചു തരുന്നോ അല്ലാതെ ഒരു കാരണവശാലും ഷെയ്ന്‍ നിഗമിന്റെ സിനിമകളുമായി സഹകരിക്കണ്ട എന്നു തന്നെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.