ആലപ്പുഴ/ എടത്വാ: കാണികളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി പുന്നമടയിൽ ഓളങ്ങളെ കീറിമുറിച്ച് എത്തിയ ആദം പുളിക്കത്ര ക്യാപ്റ്റൻ ആയി ഉള്ള ഷോട്ട് പുളിക്കത്രയുടെ വിജയത്തിന് ഇരട്ടി മധുരം. മാലിയിൽ പുളിക്കത്ര തറവാട് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിൽ ഇടം പിടിച്ചതിന്റെ നേട്ടത്തിൽ ആവേശത്തിലിരിക്കുമ്പോൾ ആണ് വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയുടെ ജയവും. മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളംമുറക്കാരൻ 8 വയസുകാരനായ ആദം പുളിക്കത്ര ആയിരുന്നു ക്യാപ്റ്റൻ.ഈ വർഷം നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത വെപ്പ് എ ഗ്രേഡ് വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റിക്കോർഡ് കൂടി ആദമിന് മാത്രം സ്വന്തം . 9 പതിറ്റാണ്ടു കൊണ്ട് ഒരേ കുടുംബത്തിൽ നിന്നും 3 കളിവള്ളങ്ങൾ നിർമ്മിച്ച് 4 തലമുറകൾ ജലോത്സവ ലോകത്തിന് നല്കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചുള്ള അംഗീകാരമായിട്ടാണ് മാലിയിൽ പുളിക്കത്ര തറവാട് യൂണീവേഴ്സൽ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം പിടിച്ചത്.വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മൂന്നാമത്തെ കളിവള്ളമാണ് ഷോട്ട് പുളിക്കത്ര.ബാബു പുളിക്കത്ര നീറ്റിലിറക്കിയ ‘ഷോട്ട് ‘ 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര.പിന്നീട് അത് പുതുക്കി പണിയുകയും ജയ് ഷോട്ട് എന്ന് പേരിൽ നീരണിയുകയും ചെയ്തു.1926 മുതൽ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും നീരണിഞ്ഞ 3 കളിവളളങ്ങൾ ആയ മണലി, ഷെയ് ഷോട്ട്, ഷോട്ട് പുളിക്കത്ര എന്നിവ നെഹ്റു ട്രോഫിയിൽ ജലമേളയിൽ ഈ വർഷം പങ്കെടുത്ത 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ആണ്.ഏറ്റവും പുതിയതായി 2017 ൽ നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയായിരുന്നു ശില്പി.ജലോത്സവ രംഗത്ത് 93 വർഷത്തെ പാരമ്പര്യം ഉൾകൊണ്ട് പിതാവിന്റെ സ്മരണക്കായി ആണ് വീണ്ടും 2017 ൽ പുതിയ കളിവള്ളമായ ‘ഷോട്ട് പുളിക്കത്ര ‘ നിർമ്മിച്ചതെന്നും നാളിത് വരെയുള്ള എല്ലാവിധ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും വീണ്ടും ഏവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി ജോർജ് ചുമ്മാർ മാലിയിൽ പുളിക്കത്ര,മാനേജർ റജി എം വർഗ്ഗീസ്, ഷോട്ട് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.കുമരകം സമുദ്ര ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് ഈ വർഷം തുഴയെറിഞ്ഞത്.