വീണ്ടും സംവിധായികയുടെ കുപ്പായമണിയാന്‍ നടി രേവതി.മഹേഷ് സംവിധാനം ചെയ്ത അര്‍ഥ് എന്ന് ചിത്രം റീമേക്ക് ചെയ്ത് വീണ്ടും പ്രേക്ഷകരിലെത്തിക്കാനാണ് രേവതി ഒരുങ്ങുന്നത്.1982-ല്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡ് ക്‌ളാസിക്കുകളുടെ ഗണത്തില്‍പ്പെടും.അഭിനയ പ്രതിഭകളായ സ്മിതാ പാട്ടീലും ശബാന അസ്മിയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചിത്രത്തിലെ അസാമാന്യ പ്രകടനത്തിന് ശബാനാ അസ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
ചിത്രം വിവാഹവും വിവാഹേതര പ്രണയവും ചര്‍ച്ചചെയ്യുന്നു. അനാഥയായി വളര്‍ന്നു വന്ന പൂജ (ശബാനാ അസ്മി ) വിവാഹിതയായിട്ടും ഒറ്റപ്പെട്ടുപോകുന്നു.പരസ്യസംവിധായകനായ ഭര്‍ത്താവ് തന്റെ ചിത്രങ്ങളിലെ നായികയുമായി പ്രണയത്തിലാകുന്നതോടെയാണ് ഇവര്‍ ഒറ്റപ്പെടുന്നതും അതിജീവനത്തിനായി പൊരുതുന്നതും.
1993ല്‍ മറുപടിയും.. എന്ന പേരില്‍ ഭാരതിരാജ ‘അര്‍ഥ്’ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ചിത്രത്തില്‍ ശബാന അസ്മി ചെയ്ത വേഷം അവതരിപ്പിച്ചത് രേവതിയായിരുന്നു.ഭര്‍ത്താവിന്റെ കാമുകിയായി വന്ന സ്മിതാ പാട്ടീലിന്റെ വേഷം ചെയ്തത് രോഹിണിയും. രേവതിയുടെ റീമേക്കില്‍ ശബാന ആസ്മി അവതരിപ്പിച്ച വേഷം ചെയ്യുന്നത് നടി സ്വരഭാസ്‌കര്‍ ആയിരിക്കുമെന്നാണറിയുന്നത്. നായകനെ തീരുമാനിച്ചിട്ടില്ല.സിനിമയുടെ ചിത്രീകരണം ഈവര്‍ഷം അവസാനത്തോടെ ആരംഭിക്കും.
2002ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന് ദേശീയപുരസ്‌കാരം ലഭിച്ചു.ശോഭന നായികയായ ചിത്രം നീരൂപക പ്രശംസ നേടിയിരുന്നു. 2004 -ല്‍ ഫിര്‍ മിലേംഗെ(2014)യും കേരള കഫേയിലെ ‘മകള്‍’ എന്ന ചിത്രവും രേവതിയുടെ സംവിധാന മികവു തെളിയിച്ചു.നിപ പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലാണ് രേവതി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.