കൊച്ചി:സംസ്ഥാനത്ത് മഴ അതിശക്തമായി.വടക്കന്‍ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്.കനത്ത മഴയെതുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട്, കോട്ടയം,പാലക്കാട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ശക്തമായ മഴയില്‍അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു.ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. വീടിനുള്ള ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്.പനമരത്ത് വെള്ളം കയറിയ വീടു മാറുന്നതിനിടെ കുഴഞ്ഞുവീണ് മുത്തു എന്നയാള്‍ മരിച്ചു. അട്ടപ്പാടിയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനെതുടര്‍ന്ന് പലയിടത്തും വൈദ്യുതി തകരാറിലായിട്ടുണ്ട്.പാലക്കാട് ഭവാനിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു.
നിലമ്പൂരില്‍ കനത്ത മഴയില്‍ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. നിലമ്പൂര്‍- കാലിക്കറ്റ്- ഊട്ടി റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സംസ്ഥാന പാതയില്‍ അന്തര്‍സംസ്ഥാന ഗതാഗതം മുടങ്ങി.കരിമ്പുഴ വന്യജീവി സങ്കേതത്തിന് കീഴിലെ കരുളായി നെടുങ്കയം വനമേഖലയില്‍ ഉരുള്‍പൊട്ടി.കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് മുണ്ടക്കടവ്, മാഞ്ചീരി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.ഫയര്‍ഫോഴ്‌സ്,തണ്ടര്‍ബോള്‍ട്ട് സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കനത്ത മഴയില്‍ വയനാട് കല്‍പ്പറ്റയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ മൂന്നാര്‍ മറയൂര്‍ മേഖലകള്‍ ഒററപ്പെട്ടു.വീടുകളില്‍ വെള്ളം കയറി.പെരിയവര പാലം മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.പന്നയാര്‍കുട്ടിയില്‍ മണ്ണിടിച്ചിലുണ്ടായി. ഇടുക്കിയില്‍ മൂന്ന് അണക്കെട്ടുകള്‍ തുറന്നു.പഴയ മൂന്നാറില്‍ കടകളിലും വീടുകളിലും വെള്ളം കയറി. ഇടുക്കി,മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് സാധാരണ നിലയിലാണ്.
കോഴിക്കോട് മുക്കം മാവൂര്‍ റോഡില്‍ വെള്ളം കയറി.ഗതാഗതം തടസ്സപ്പെട്ടു.ശക്തമായ കാറ്റില്‍ വടകരയില്‍ വീടുകളുടെ മുകളിലേക്ക് മരം വീണു.
അപ്പര്‍ കുട്ടനാട്ടില്‍ മഴയിലും കനത്ത നാശനഷ്ടമുണ്ടായി.പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. മുക്കൂട്ടുതറ ചപ്പാത്ത് മുങ്ങി. പ്രദേശത്തെ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.