കൊച്ചി:സംസ്ഥാനം വീണ്ടും പനി ഭീതിയില്‍. കേരളത്തിലാദ്യമായി കോംഗോ പനി റിപ്പോര്‍ട്ടു ചെയ്തിരിക്കുകയാണ്. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കോംഗോ പനി സ്ഥിരീകരിച്ചത്. പനിബാധിച്ച് ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോംഗോ പനിയാണെന്ന് തിരിച്ചറിഞ്ഞത്.രോഗിയുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് രോഗം പകരുന്നത്.മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി. നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗമുണ്ടാകുന്നത്.
രോഗം ബാധിച്ച ആളുടെ രക്തം,ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം.പനി, മസിലുകള്‍ക്ക് കടുത്ത വേദന,നടുവേദന,തലവേദന, തൊണ്ടവേദന, വയറുവേദന,കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.രോഗിയുടെ രോമകൂപത്തില്‍നിന്നും രക്തം പൊടിയും.രോഗി അക്രമസ്വഭാവം കാണിക്കാനും സാധ്യതയുണ്ട്.പനി ബാധിച്ചാല്‍ 40 ശതമാനം വരെയാണ് മരണ നിരക്ക്.