തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ജൂണ്‍ 9 ന് അര്‍ധരാത്രി മുതല്‍ 52 ദിവസത്തേക്കാണ് നിരോധനം. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കാണ് നിരോധനം. പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. നിരോധനത്തിന് മുന്നോടിയായി 29, 30 തീയതികളില്‍ തീരദേശ ജില്ലകളില്‍ കളക്ടര്‍മാര്‍ പ്രത്യക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.
കടല്‍ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡുകള്‍ കൈയ്യില്‍ കരുതണമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിരോധനത്തിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിട്ടു പോകും. ട്രോളിംഗ് നിരോധന കാലയളവില്‍ 4500 രൂപയുടെ സമാശ്വാസം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കും.ഈ സമയത്ത് കടല്‍ സുരക്ഷാ സേനാംഗങ്ങളായി 80 മത്സ്യത്തൊഴിലാളികളെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനമായി.