തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാവുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല.മോഹന്‍ലാലിനെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ലെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും സംവിധായകന്‍ കമല്‍ പറഞ്ഞു.മോഹന്‍ലാലിനെതിരായ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്നും കമല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരായ പരാതിയില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. മോഹന്‍ലാല്‍ വലിയ പ്രതിഭയാണെന്നും ചടങ്ങില്‍ അദ്ദേഹത്തെ പോലൊരാളെ ക്ഷണിച്ചതിനെതിരെ എങ്ങിനെ പരാതി പറയാന്‍ സാധിക്കുമെന്നും പ്രകാശ് രാജ് ചോദിച്ചു.വിഷയത്തില്‍ തന്റെ പേര് ദുരുപയോഗം ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പമാണ് എപ്പോഴും നിലകൊള്ളുകയെന്നും പ്രകാശ്‌രാജ് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാണിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് ഭീമ ഹര്‍ജി ഒപ്പിട്ടത്.ഇതില്‍ ആദ്യത്തെ പേരുകാരനായിരുന്നു പ്രകാശ് രാജ്.