തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോള്‍ സീസണ് തുടങ്ങാനിരിക്കെ കേരളാ ബ്ലാസ്റ്റേഴ്സ് ടീം സഹ ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന് ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ഭാര്യ ഡോ. അഞ്ജലിക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. കാല്‍മണിക്കൂര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെലവഴിച്ച സച്ചിന് ടെണ്ടുല്‍ക്കര്‍ ഐ.എസ്.എല്‍ ഉദ്ഘാടന മല്‍സരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. കേരളത്തില്‍ ഒരു ഫുട്ബോള്‍ അക്കാദമി തുടങ്ങണമെന്ന ആഗ്രഹം സച്ചിന് മുഖ്യമന്ത്രിയെ അറിയിച്ചു.
കൊച്ചിയിലെ മത്സരങ്ങള്‍ക്ക് സ്പെഷ്യല്‍ പൊലീസ് ബറ്റാലിയനെ നിയോഗിക്കണമെന്ന് സച്ചിന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷാ കാരണങ്ങളാല്‍ കൊച്ചി സ്റ്റേഡിയത്തില്‍ സീറ്റിന്റെ എണ്ണം കുറച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ സേനയുണ്ടെങ്കില് സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പൊലീസിനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജി.സി.ഡി.എയുമായി സംസാരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
താഴെ തലത്തില്‍ കളിക്കാരെ പരിശീലിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിനുളള പദ്ധതികള്‍ സച്ചിന് വിശദീകരിച്ചു. സംസ്ഥാനത്തെ 33 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 1800 കുട്ടികള്‍ക്ക് പരിശീലനം കിട്ടും. 400 ലധികം പരിശീലകരെ ഇതിനായി നിയോഗിക്കുന്നുണ്ട്. കായികാധ്യാപകരുടെ സേവനവും ഉപയോഗിക്കും. കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്കുന്ന പദ്ധതിയില്‍ മുഖ്യമന്ത്രി മതിപ്പ് പ്രകടിപ്പിച്ചു. സ്പോര്‍ട്സ് പ്രോത്സാഹിപ്പിക്കാന്‍ 14 ജില്ലകളിലും മികച്ച സ്റ്റേഡിയങ്ങള്‍ പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനി, ഡയറക്ടര്‍ എന്‍. പ്രസാദ് എന്നിവരോടൊപ്പമാണ് സച്ചിന് മുഖമന്ത്രിയെ കണ്ടത്. ചീഫ് സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന സച്ചിന്, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഇക്കുറി കൂടുതല്‍ മെച്ചപ്പെടുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. വിജയിക്കുന്നതിനേക്കാള്‍ വലുതായി നിലവാരമുള്ള ഫുട്ബോള്‍ പ്രകടനം ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും സച്ചിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈമാസം 17ന് കൊല്‍ക്കത്തയിലാണ് ഐ.എസ്.എല്‍ ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ആദ്യമല്‍സരം. 24നാണ് കൊച്ചിയിലെ ആദ്യ മല്‍സരം. ബ്ലാസ്റ്റേഴ്സും ഐ.എസ്.എല്ലിലെ പുതിയ ടീമായ ജംഷഡ്പൂര്‍ ഫുട്ബോള്‍ ക്ലബും ആ മല്‍സരത്തില്‍ ഏറ്റുമുട്ടും.