പത്തനംതിട്ട:ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ പ്രായതം സംശയിച്ച് തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി.പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്.വധശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാവിലെ ഏഴോടെ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ ലളിതാ രവി (52)യെ തടഞ്ഞ സംഭവത്തില്‍ ലളിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പൊലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.ഇതില്‍ ആദ്യത്തെ അറസ്റ്റാണ് സൂരജിന്റേത്.
ലളിതയ്ക്ക് അന്‍പത് വയസില്‍ താഴെ പ്രായമെന്നു കരുതി ഭക്തര്‍ ശരണം വിളിച്ച് വലിയനടപ്പന്തലില്‍ തടഞ്ഞിരുന്നു.തുടര്‍ന്ന് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശരണം വിളിയുമായി ഓടിയെത്തുകയായിരുന്നു.ഒരുമണിക്കൂറോളം യുദ്ധസമാന സാഹചര്യമുണ്ടാക്കിയിരുന്നു.ലളിതയുടെ മകന്‍ വിനീഷിന്റെ കുഞ്ഞിന്റെ ചോറൂണിന് എത്തിയതായിരുന്നു ലളിത.കുഞ്ഞിന്റെ അമ്മ നീതു പമ്പയില്‍ തങ്ങിയശേഷം മറ്റുള്ളവരാണു മലകയറിയത്.സംഭവത്തിനിടെ ബാരിക്കേഡുകള്‍ ചാടിക്കടന്നു നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ എത്തി.
ലളിതയ്ക്കൊപ്പം എത്തിയ യുവാവിന് മര്‍ദ്ദനമേറ്റു.പ്രതിഷേധം പകര്‍ത്തുന്നതിനിടെ അമൃതാ ടി.വി കാമറാമാന്‍ ബിജുവിന് തേങ്ങകൊണ്ട് തലയ്ക്ക് അടിയേറ്റു.ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെട്ടു.