തിരുവനന്തപുരം: അരി മൊത്തക്കച്ചവടക്കാരന് വേണ്ടി അഴിമതിക്ക് കളമൊരുക്കി രംഗത്തുവന്ന സി.പി.ഐ സംസ്ഥാന നേതാവിന്റെ മകന് സപ്ലൈകോയുടെ ‘ഭരണം’ കൈക്കലാക്കി. നേരത്തെ വിജിലന്‍സ് കേസിലും സി.ബി.ഐ കേസിലും ഉള്‍പ്പെട്ടിട്ടുള്ള ‘മുതലാളി’ക്ക് വേണ്ടിയാണ് നേതാവിന്റെ മകന് വിദേശത്ത് നിന്ന് പറന്നെത്തി സപ്ലൈകോയില്‍ കാര്യങ്ങള്‍ നീക്കുന്നത്. കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അരി മൊത്തക്കച്ചവടക്കാരന്റെ പ്രവര്‍ത്തനം. കൊച്ചി മെട്രോയുടെ അധിക ചുമതല കൂടി വഹിക്കുന്ന സപ്ലൈകോ സി.എം.ഡി മുഹമ്മദ് ഹനീഷിനെ മാറ്റുകയെന്നതാണ് നേതാവിന്റെ മകന്റെ ദൗത്യം. ഇതിനായി എല്ലാ സഹായങ്ങളുമായി മൊത്തക്കച്ചവടക്കാരന് പിന്നിലുണ്ട്.
കൊച്ചി മെട്രോയുടെ എം.ഡി സ്ഥാനത്തു നിന്ന് ഏലിയാസ് ജോര്‍ജ്ജ് വിരമിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് ഹനീഷിന് മെട്രോയുടെ അധിക ചുമതല നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് അദ്ദേഹത്തെ മാറ്റി കെ.എന്‍ സതീഷിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സി.പി.ഐ നേതാവിന്റെ മകന് ചരടുവലി തുടങ്ങിയിരിക്കുന്നത്. നെല്ലു സംഭരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാലങ്ങളായി സര്‍ക്കാരിനെയും കര്‍ഷകരെയും പറ്റിച്ചുകൊണ്ടിരുന്ന മില്ലുടമകളെ നിയന്ത്രിക്കാന്‍ മുഹമ്മദ് ഹനീഷ് ഇടപെട്ടിരുന്നു. ഇതാണ് സി.എം.ഡിയെ മാറ്റാനുള്ള ശ്രമത്തിന് പിന്നില്‍.
അതേസമയം, നെല്ലുസംഭരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനി ടെ സി.എം.ഡിയെ മാറ്റിയാല്‍ സംഭരണം പാളുകയും റേഷന്‍കടകള്‍ വഴിയുള്ള അരിവിതരണം തടസപ്പെടുകയും ചെയ്യുമെന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സി.എം.ഡി സ്ഥാനത്തു നിന്ന് മാറാന്‍ മുഹമ്മദ് ഹനീഷിനുമേല് വന്‍സമ്മര്‍ദമാണ് വകുപ്പു കൈയ്യാളുന്ന സി.പി.ഐയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കൊച്ചി മെട്രോയുടെ ജോലിഭാരം ചൂണ്ടിക്കാട്ടി സപ്ലൈകോ എം.ഡി സ്ഥാനത്തു നിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനാണ് മുഹമ്മദ് ഹനീഷിനുമേല് സമ്മര്‍ദം.
മൊത്തക്കച്ചവടക്കാരില്‍ നിന്ന് ഉയര്‍ന്നവിലയ്ക്ക് അരിയെടുത്ത് വിതരണം ചെയ്യുന്ന സപ്ലൈകോയുടെ നടപടി നേരത്തെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വീണ്ടും മൊത്തക്കച്ചവടക്കാരുടെ താവളമായി സപ്ലൈകോയെ മാറ്റാനാണ് ശ്രമം. അതേസമയം, വിവിധ ഡിപ്പോകളിലായി 3226 മെട്രക്കിക്ക് ടണ്‍ ധാന്യമാണ് കെട്ടിക്കിടക്കുന്നത്. ഇതു സംബന്ധിച്ച് സപ്ലൈകോ ജനറല്‍ മാനേജര്‍ ഡയറക്ടര്‍ക്ക് അയച്ച ലിസ്റ്റിന്റെ പകര്‍പ്പ് പുറത്തുവന്നു.
ലിസ്റ്റ് പ്രകാരം കോട്ടയം (541.153), രിതുവനന്തപുരം (878.63)തൃശൂര്‍ (868), ഹരിപ്പാട് (1.8), പീരുമേട് (6.025), പത്തനാപുരം (53.113), പുനലൂര്‍ (43.5), കൊച്ചി (245.103), കുന്നത്തുനാട് (45.005), ആലുവ (106.866), റാന്നി (83.149), മണ്ണാര്‍ക്കാട് (304.64), അഗളി (48.037), എറക്കോട് (0.3) മെട്രിക്ക് ടണ്‍ അരിയാണ് വിട്ടെടുക്കാതെ കിടക്കുന്നത്. കെട്ടിക്കിടക്കുന്നത് അരി റേഷന്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും വിതരണം ചെയ്യാതെ മൊത്തക്കച്ചവടക്കാര്‍ക്ക് മറിച്ച് വില്‍ക്കാനുള്ള നീക്കവും അണിയറിയില്‍ സജീവമാണ്. ഭക്ഷ്യഭദ്രതാ നിയമം അടുത്തമാസത്തോടുകുടി സംസ്ഥാനത്ത് പൂര്‍ണ്ണമായി നടപ്പാക്കാനുള്ള തീ്വവശ്രമം നടക്കുന്നതിനിടെയാണ് മൊത്തക്കച്ചവടക്കാര്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി സപ്ലൈകോ സി.എം.ഡിയെ തന്നെ നീക്കുന്നത്.