വയനാട്:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയില്‍ നിന്നും പുറത്തു പോകാന്‍ നോട്ടീസ്. പല തവണ സിസ്റ്റര്‍ ലൂസിയോട് വിശദീകരണം ചോദിച്ച ശേഷമാണ് സഭയുടെ പ്രതികാര നടപടി. സഭയില്‍ നിന്നും പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് സന്യാസിനി സഭയുടെ മുന്നറിയിപ്പ്.പുറത്തു പോകുന്നില്ലെങ്കില്‍ ഏപ്രില്‍ 16ന് മുമ്പ് കാരണമറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
എന്നാല്‍ സഭയില്‍ നിന്നും പുറത്തുപോകില്ലെന്നും സന്യാസ വ്രതം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. സഭയുടെ നടപടി ഖേദകരമാണ്.മുന്‍പ് വിശദീകരണം ചോദിച്ചതിനെല്ലാം കനോന്‍ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനാണ് പ്രധാനമായും സഭ സിസറ്റര്‍ ലൂസിക്കു നേരെ തിരിഞ്ഞത്.എന്നാല്‍ കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല. സഭയുടെ അനുവാദമില്ലാതെ കാറുവാങ്ങി,ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു,പുസ്തകം പ്രസിദ്ധീകരിച്ചു,ശമ്പളം മഠത്തിന് നല്‍കാതെ ദാരിദ്യവ്രതം ലംഘിച്ചു തുടങ്ങിയവയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ സഭ ആരോപിച്ച് കുറ്റങ്ങള്‍.