തിരുവനന്തപുരം:നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന്റെ അവസാനദിവസവും സഭ പ്രക്ഷുബ്ധമായി. ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയോളം കാര്യങ്ങളെത്തി.വനിതാമതിലുമായി ബന്ധപ്പെട്ടാണ് ബഹളം തുടങ്ങിയത്.തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.ബഹളത്തിനിടെ നടപടികള്‍ വേഗം പൂര്‍ത്തിയാക്കുകയായിരുന്നു. സഭ പിരിഞ്ഞതോടെ നിയമസഭാ കവാടത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു.
ബെര്‍ലിന്‍ മതില് പൊളിച്ച പോലെ ഈ വര്‍ഗീയ മതില് ജനം പൊളിക്കും എന്ന എംകെ മുനീര്‍ എംഎല്‍എയുടെ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിയമസഭയില്‍ ഭരണപക്ഷം ബഹളം വച്ചത്.വര്‍ഗീയ മതില് പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് മുനീര്‍ വ്യക്തമാക്കി.തുടര്‍ന്ന് മുനീറിന്റെ പരാമര്‍ശത്തിനെതിരെ വനിതാ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്കി.എന്നാല്‍ സ്ത്രീകള്‍ വര്‍ഗ്ഗീയവാദികളെന്ന് പറഞ്ഞിട്ടില്ലെന്ന് എം.കെ മുനീര്‍ സഭയെ അറിയിച്ചു.
ബഹളത്തിനിടെ വനിതാമതില്‍ വിഷയത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.തുടര്‍ന്ന് വീണ്ടും പ്രതിപക്ഷ ബഹളമുണ്ടാക്കുകയും സഭാനടപടികള്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുന്നതിനിടെ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ സഭയില്‍ കയ്യാങ്കളിയും ഉന്തും തള്ളുമുണ്ടാവുകയായിരുന്നു.എംഎല്‍എമാരായ പി കെ ബഷീര്‍, വി ജോയ് എന്നിവര്‍ തമ്മിലാണ് ഉന്തുതള്ളും ഉണ്ടായത്.ബഹളത്തിനിടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
അതിനിടെ നിയമസഭാ കവാടത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.സത്യാഗ്രഹം വിജയമാണെന്നും എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.