ദില്ലി:ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ചും ബിഷപ്പിനെ അനുകൂലിച്ചും ജലന്ധര്‍ രൂപതയുടെ പ്രമേയം.സന്യാസിനിസഭ പിളര്‍ത്തി കുറവിലങ്ങാട് അധികാരത്തിലിരിക്കാനായിരുന്നു കന്യാസ്തീയുടെ ഗൂഢനീക്കമെന്നാണ് ആലോചന സമിതി യോഗം പാസാക്കിയ പ്രമേയത്തിലെ പ്രധാന ആരോപണം.ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ യോഗത്തില്‍ പങ്കെടുത്തില്ല.
സഭയെ പ്രതിരോധത്തിലാക്കിയ പീഡനവിവാദത്തിന് ശേഷം ആദ്യമായാണ് സമിതി യോഗം ചേരുന്നത്.ബിഷപ്പിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് കന്യാസ്ത്രീകള്‍ മഠം ഉപേക്ഷിച്ചുപോയെന്നും മഠങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നെന്നും മറ്റുമുള്ള ആരോപണങ്ങളുമുണ്ടായിരുന്നു.എന്നാല്‍ 5 മഠങ്ങള്‍ അടച്ചത് മാനദണ്ഡപ്രകാരമാണെന്നും നാല് കന്യാസ്ത്രീകള്‍ എങ്കിലും ഇല്ലാത്ത സാഹചര്യത്തില്‍ മഠങ്ങള്‍ പൂട്ടണമെന്നാണ് ചട്ടമെന്നുമാണ് സഭയുടെ ന്യായീകരണം.
ബിഷപ്പ് ഹൗസില്‍ വികാരി ജനറാള്‍ മാത്യു കോക്കണ്ടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പങ്കെടുത്തില്ലെങ്കിലും ബിഷപ്പിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയാണ് യോഗം പിരിഞ്ഞത്.