[author ]നിസാര്‍ മുഹമ്മദ്[/author]

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ദുരന്ത മുന്നറിയിപ്പ് നല്‍കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാര്‍, രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പരാജയപ്പെട്ടതോടെ സംസ്ഥാനത്തിന്റെ തീരദേശങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നു. മുഖ്യമന്ത്രിക്ക് നേരെ വിഴിഞ്ഞത്തുണ്ടായ പ്രതിഷേധക്കൊടുങ്കാറ്റ് സംസ്ഥാനത്തെ മറ്റ് മന്തിമാര്‍ക്കുമെതിരെയും ആഞ്ഞുവീശുകയാണ്. ഇന്നലെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പൂന്തുറയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഒപ്പം വന്ന സംസ്ഥാന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ മല്‍സ്യതൊഴിലാളി കുടുംബങ്ങളുടെ പ്രതിഷേധച്ചൂട് അറിഞ്ഞു.

 

ഇന്നലെ പൂന്തുറയില്‍ എത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ തീരവാസികള്‍ ഉയര്‍ത്തിയ പ്രതിഷേധം.

മന്ത്രിമാര്‍ ഈ പ്രദേശത്ത് കാലുകുത്തരുതെന്ന് ആവശ്യപ്പെട്ട് തീരദേശ ജനത ഒന്നടങ്കം തെരുവിലിറങ്ങിയത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഏറെ നേരം നീണ്ട പ്രയത്‌നങ്ങള്‍ക്കും കേന്ദ്രമന്ത്രിയുടെ ഇടപെടലിനും ശേഷമാണ് ജനങ്ങള്‍ പ്രതിഷേധം അല്‍പ്പമെങ്കിലും തണുപ്പിക്കാന്‍ തയാറായത്. സര്‍ക്കാരിനുണ്ടായ വീഴ്ച മറച്ചുവെച്ച് മല്‍സ്യ തൊഴിലാളികളുടെ മേല്‍ കുറ്റം ചാരാനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. കേന്ദ്രമന്ത്രിയോടും തീരദേശ ജനത തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ജനരോഷത്തില്‍ മന്ത്രിമാര്‍ ഭയന്നുവിറച്ചു. മന്ത്രിമാര്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസ് സംവിധാനങ്ങളും ആശങ്കയുടെ മുള്‍മുനയിലായി.

രാവിലെ എട്ടര മണിയോടെയാണ് അതീവ സുരക്ഷാ അകമ്പടിയോടെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്ത് എത്തിയത്. പിന്നീട് പൂന്തുറയില്‍ എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ തീരവാസികള്‍ പരാതികള്‍ നിരത്തി. യഥാസമയം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ തീര-നാവിക-വ്യോമ സേനകള്‍ക്കുണ്ടായ വീഴ്ചകള്‍ അവര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ സ്ഥലത്തെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനെയും മേഴ്‌സിക്കുട്ടിയമ്മയെയും ജനങ്ങള്‍ തടയാന്‍ ശ്രമിച്ചു. പൊലീസിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് മന്ത്രിമാര്‍ക്ക് നേരെ തീരവാസികള്‍ തിരിഞ്ഞതോടെ തീരത്ത് പ്രതിഷേധം ആളിക്കത്തി. മന്ത്രിമാര്‍ പ്രദേശം വിടണമെന്നായിരുന്നു പ്രധാന ആവശ്യം. ഇടവക വികാരിയും കേന്ദ്രമന്ത്രിയും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം അല്‍പ്പമെങ്കിലും തണുത്തത്.

കടലില്‍ കുടുങ്ങിയ അവസാനത്തെ ആളെ വരെ തിരികെ കൊണ്ടവന്ന ശേഷമേ സേനാംഗങ്ങള്‍ തീരം വിടൂവെന്ന് ഉറപ്പുനല്‍കിയ കേന്ദ്രമന്ത്രി, രക്ഷാ ദൗത്യത്തിന് മല്‍സ്യ തൊഴിലാളികളുടെ സേവനം കൂടി തേടുമെന്ന് വ്യക്തമാക്കിയതോടെയാണ് തീരജനത തണുത്തത്. ചുഴലിക്കാറ്റ് സംബന്ധിച്ച് നവംബര്‍ 29ന് ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് എല്ലാ ഘട്ടങ്ങളിലും മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടേയിരുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങള്‍ക്കുള്ള സമയമല്ല ഇത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോസ്റ്റു ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകളും ഹെലികോപ്റ്ററുകളും തിരച്ചില്‍ നടത്തുന്നതിന്റെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കാമെന്നും സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി സ്ഥലത്തെത്തും മുമ്പെ മാധ്യമങ്ങള്‍ക്ക് മുന്നിലും തീരവാസികള്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. നിരവധി ജീവനുകളും ജീവനോപാധികളും നഷ്ടപ്പെടാന്‍ ഇടയായത് സര്‍ക്കാരിന്റെ വീഴ്ച മൂലമാണെന്ന് അവര്‍ ആരോപിച്ചു. ഓഖി ദുരന്തം നേരിടുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ സംസ്ഥാന ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്‌പെന്റ് ചെയ്ത്, അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ദുരന്തത്തിന്റെ രൂക്ഷത ഇത്രയേറെ വര്‍ധിപ്പിക്കാന്‍ കാരണമായത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നതിനാല്‍ അവരുടെ നഷ്ടങ്ങള്‍ പൂര്‍ണമായി നികത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. മരിച്ചവരെല്ലാം അവരുടെ കുടുംബങ്ങളുടെ ഏക ആശ്രയമായുള്ളവരാണ്. ആ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. മരിച്ചവരുടെ കുടുംബങ്ങളിലുള്ള യുവതീയുവാക്കളില്‍ ഒരാള്‍ക്കെങ്കിലും അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു സര്‍ക്കാര്‍ ജോലി നല്‍കണം. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും തീരവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം, വൈകുന്നേരം പ്രദേശത്ത് സന്ദര്‍ശനത്തിന് എത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആളുകള്‍ അനുഭാവപൂര്‍വമാണ് വരവേറ്റത്. സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് മുന്നിലും തീരവാസികള്‍ പരിതപിച്ചു.