പാലക്കാട്:ശബരിമല വിഷയത്തില്‍ കളിച്ചാല്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.ഈ സര്‍ക്കാരിനെ തള്ളി താഴെ ഇടാനുള്ള ശക്തി അമിത് ഷായുടെ കൈകള്‍ക്കില്ല.അതൊക്കെ അങ്ങ് ഗുജറാത്തില്‍ പ്രയോഗിച്ചാല്‍ മതി.കേരളത്തില്‍ ബിജെപിയുടെ ഒരു തന്ത്രവും വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പാലക്കാട് പി.കെ.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറുകാര്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല ശബരിമലയെന്നും ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല.പൊലീസ് നടപടി വിശ്വാസികള്‍ക്കെതിരെയാണെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്.എന്നാല്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരല്ല. പൊലീസ് അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമികളെയാണ്.ശബരിമലയുടെ പവിത്രത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധമൊന്നുമില്ല.ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്.പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീം കോടതി ഇനി മറിച്ചൊരു വിധി പുറപ്പെടുവിക്കുകയാണെങ്കില്‍ അതും സര്‍ക്കാര്‍ നടപ്പാക്കും.അതേസമയം ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യം വേണമെന്നുതന്നെയായിരിക്കും സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.