കാഞ്ഞങ്ങാട്:അവിശ്വാസികള്‍ക്കു വേണ്ടി സി.പി.എം അയ്യപ്പനെപ്പോലും വെല്ലുവിളിക്കുകയാണെന്നും സര്‍ക്കാരിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍.ശബരിമലസ്ത്രീപ്രവേശനവിധി സ്ത്രീകള്‍ തന്നെ തള്ളിക്കളയുകയാണ്.എന്നിട്ടും കപട വിശ്വാസികളെ ശബരിമല കയറ്റിയതുകൊണ്ട് സര്‍ക്കാറിന് എന്ത് നേട്ടമാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.
വിശ്വാസികളല്ലാത്തവരെ ശബരിമല കയറ്റാന്‍ 5000 പൊലീസിനെയും 1500 ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നത്. ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്നത് എത്തിസ്റ്റുകളാണ്. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന ശബരിമല തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.