തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിപൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്നു കെ സി വേണുഗോപാല്‍ എം പി. റിപ്പോര്‍ട്ടില്‍ എന്താണ് തന്നെകുറിച്ചു പരാമര്‍ശമെന്നറിയില്ല. റിപ്പോര്‍ട്ട് കണ്ടിട്ടില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. ഈ കേസിന്റെ മെറിറ്റിനെ കുറിച്ചും ആരോപണങ്ങളുടെ വിശ്വാസ്യതയെ കുറിച്ചും കേരളത്തിലെ പൊതുസമൂഹത്തിനറിയാമെന്നും കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ കേസുമായി ബന്ധപെട്ടു തന്നെകുറിച്ചു ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് വളരെ മുമ്പു തന്നെ സ്വമേധയാ ആവശ്യപെട്ടിരുന്നതാണ്. കമ്മീഷന്‍ നടപടികളുടെ ഭാഗമായി തനിക്കു പറയാനുള്ളതെല്ലാം അന്വേഷണ കമ്മിഷനെ വിശദമായും തൃപ്തികരമായും ബോധിപ്പിച്ചിരുന്നു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തലേദിവസം താനുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ കുറിച്ച് മുഖ്യപ്രതി സരിത നായര്‍മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുകയുംഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ കമ്മീഷന് കൈമാറിയെന്നും പറഞ്ഞിരുന്നു. തനിക്കെതിരെ ഇത്തരത്തിലുള്ള തെളിവുണ്ടെങ്കില്‍ ആ തെളിവുകള്‍ പരസ്യമാക്കണമെന്നു അഭ്യര്‍ത്ഥിച്ചു അന്ന് തന്നെ കമ്മീഷന് രേഖാമൂലം കത്ത് നല്‍കി. തുടര്‍ന്ന് തന്നെ വിസ്തരിച്ചപ്പോഴും ഇതേ ആവശ്യം നേരില്‍ ഉന്നയിച്ചു. എന്നാല്‍ തനിക്കെതിരേ അത്തരം എന്തെങ്കിലും തെളിവുണ്ടായിരുന്നെങ്കില്‍ അത് നിയമാനുസൃതം തന്നെ അറിയിച്ചേനെയെന്നാണ് കമ്മിഷന്‍ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഇതേ ആരോപണം ഒരു സ്വകാര്യ ചാനലിലൂടെ പ്രതി വീണ്ടും ഉന്നയിച്ചപ്പോള്‍ എറണാകുളം സി ജെ എം കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ചു മാന നഷ്ടത്തിന് കേസ് നല്‍കി. ഈ കേസിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്രതിയുമായി വ്യകതിപരമായോ ഔദ്യോഗികമായയോ ഒരുതരത്തിലും ബന്ധമില്ല. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിയമോപദേശം അനുസരിച്ചുള്ള നടപടികള്‍ പ്രകാരം ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണ്. ഏതു ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ, ഒരുതരത്തിലും താന്‍ ഈ കേസില്‍ ഭാഗഭാക്കായിട്ടില്ല എന്നിരിക്കെ ഒരു നടപടിയെയും ഭയക്കുന്നില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.