മലയാളി ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ട കേസിൽ ഭാര്യയ്ക്കും കാമുകനും തടവ്. പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാം കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയ, ഇവരുടെ കാമുകൻ അരുണ്‍ കമലാസനൻ എന്നിവരെയാണ് വിക്ടോറിയൻ സുപ്രീം കോടതി ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. സോഫിയ 22 വർഷത്തെയും അരുണ്‍ 27 വർഷത്തെയും തടവ് അനുഭവിക്കണം. കേസിൽ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയിൽ കോടതി കണ്ടെത്തിയിരുന്നു.
2015 ഒക്ടോബറിലാണ് മെൽബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചശേഷം ഭാര്യ സോഫിയ മെൽബണിലേക്കു മടങ്ങുകയും ചെയ്തു.
ഇതിനിടെ മരണം സംബന്ധിച്ച് ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്നു വ്യക്തമായത്. സയനഡ് നൽകിയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയത്. സോഫിയയുടെ മൊബൈൽ ഫോണ്‍ വിശദാംശങ്ങൾ കേസിൽ നിർണായകമായി.
കോട്ടയത്ത് കോളേജിൽ പഠിക്കുന്ന സമയത്താണ് സോഫിയ സാമുമായി പ്രണയത്തിലാകുന്നത്. പിന്നീട് അവിടെ തന്നെ വിദ്യാർഥിയായിരുന്ന അരുണുമായും സോഫിയ അടുത്തു. വിവാഹശേഷം ആദ്യനാളുകളിൽ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്.
സോഫിയ ഓസ്ട്രേലിയയിലെത്തി കുറെനാളുകൾക്കുശേഷമാണ് സാം അവിടെ എത്തിയത്. അരുണും ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് ബന്ധം പുനഃരാരംഭിക്കുന്നതും കൊലപാതകം സംഭവിക്കുന്നതും.