ബംഗളൂരു:ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവെച്ചു.വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ ദൗത്യം നിര്‍ത്തിവെച്ചത് സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മിഷന് ഡയറക്ടര്‍ അറിയിച്ചു.
പുലര്‍ച്ചെ 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും ചന്ദ്രയാന്‍2 വിക്ഷേപിക്കാനായിരുന്നു തീരുമാനം. ഞായറാഴ്ച പുലര്‍ച്ചെ 6.51ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. ജി.എസ്.എല്‍.വി. മാര്‍ക്ക്3 വിക്ഷേപണ റോക്കറ്റില്‍ നിന്നാണ് ചന്ദ്രയാന്‍2 വിക്ഷേപിക്കാനിരുന്നത്.എന്നാല്‍ ജി.എസ്. എല്‍.വി.യില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതികപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ജി.എസ്.എല്‍.വി.യിലെ തകരാര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം. വിക്ഷേപണത്തിന് തൊട്ടുമുമ്പ് സാങ്കേതികത്തകരാര്‍ കണ്ടെത്തിയത് ഐഎസ്ആര്‍ഒയുടെ സാങ്കേതിക മികവിനേയാണ് സൂചിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍,ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ചാന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാന്‍ റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം വച്ചിരുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദുള്പ്പെടെ പ്രമുഖര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രയാന്‍2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
