[author ]എ.ആർ ആനന്ദ്[/author]തിരുവനന്തപുരം: കേരളത്തിലെ 155 എഞ്ചിനീയറിംഗ് കോളേജിലെ എണ്ണായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലായി ഇയര്‍ ഔട്ട് സംവിധാനം. എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ കീഴില്‍ വരുന്ന എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇയര്‍ ഔട്ട് ഭീഷണി നേരിടുന്നത്. പരീക്ഷ നടത്തിപ്പില്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പിടിപ്പുകേടും സപ്ലിമെന്ററി പരീക്ഷകള്‍ നടത്തുന്നതിലെ കാലതാമസവുമാണ് നിലവിലെ സ്ഥിതി സംജാതമായിരിക്കുന്നത്.
സര്‍വകലാശാല നിയമപ്രകാരം ആദ്യ രണ്ട് സെമസ്റ്ററിലെ 47 ക്രെഡിറ്റുകളില്‍ 35 എണ്ണം വിജയിക്കാത്തവരെ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശിപ്പിക്കില്ല. ഈ വര്‍ഷത്തേക്ക് മാത്രം ആദ്യ രണ്ട് സെമസ്റ്ററുകളിലായി 26 ക്രെഡിറ്റ് വിജയിച്ചാല്‍ മതിയെന്ന് ഇളവ് വരുത്തി.എന്നാല്‍ ഇയര്‍ ഔട്ട് പൂര്‍ണ്ണമായും എടുത്തുകളയണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇയര്‍ ഔട്ട് സമ്പ്രദായം മാറ്റിയില്ലയെങ്കില്‍ മൂന്നാം സെമസ്റ്ററിലേക്ക് കടക്കാനാവില്ല. പിന്നെ ആറു മാസം കാത്തിരുന്നാലെ സപ്ലിമെന്ററി പരീക്ഷ എഴുതാനാകു.ഇതോടെ ഒരു വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടും. രണ്ട് സപ്ലിമെന്ററി പരീക്ഷകള്‍ കാലതാമസമില്ലാതെ നടത്തണമെന്ന നിബന്ധന സാങ്കേതിക സര്‍വ്വകലാശാല പാലിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഓസ്പിന്‍ എന്ന സ്വകാര്യ സ്ഥാപനത്തെ ആശ്രയിച്ച് അവര്‍ നല്‍കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്തിപ്പുകള്‍ ചെയ്യുന്നത്. ഇതില്‍ ഒട്ടേറെ അപാകതകള്‍ ഉണ്ടെന്ന് ജീവനക്കാര്‍ അടക്കമുള്ളവര്‍ സമ്മതിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ എന്‍ഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകരെ കൊണ്ട് മൂല്യനിര്‍ണ്ണയം നടത്തുന്നതും പരാതിക്ക് ഇടനല്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടും സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപടികള്‍ എടുക്കുന്നില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ഗവര്‍ണ്ണര്‍, വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും. നിലവില്‍ രണ്ട് വര്‍ഷം മാത്രമായ സര്‍വകലാശാലയില്‍ മൂന്ന് ബാച്ചുകള്‍ക്ക് ആവശ്യമായ സപ്ലിമെന്ററി പരീക്ഷ നടന്നിട്ടില്ല. ഇയര്‍ ഔട്ട് സമ്പ്രദായത്തിന് വ്യക്തമായ പരിഹാരം ഇപ്പോള്‍ കണ്ടില്ലായെങ്കില്‍ വരും വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവിനുസരിച്ച് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ഞ്ചിനീയറിംഗ് കോളേജില്‍ നടത്തിയ സപ്ലിമെന്ററി പരീക്ഷയിലെ കൂട്ടതോല്‍വി സര്‍വകലാശാലയുടെ കെടുകാര്യസ്ഥത കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സപ്ലിമെന്ററി പരീക്ഷ എഴുതിയ മാനുഫാക്ച്ചറിംഗ് ടെക്‌നോളജിയിലെ 36 വിദ്യാര്‍ത്ഥികളില്‍ 34 പേരും തോറ്റു.കൂട്ടത്തോല്‍വി നേരിട്ട വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
155 എന്‍ഞ്ചിനീയറിംഗ് കോളേജുകളടക്കം നിലവില്‍ 210 സ്ഥാപനങ്ങളാണ് സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ഉള്ളത് ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതും പരീക്ഷ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച് ചെയ്യുന്നതിലും നിലവിലെ സര്‍വകലാശാല ജീവനക്കാര്‍ അമര്‍ഷത്തിലാണ്. ഓണ്‍ലൈന്‍ പരീക്ഷ പൂര്‍ത്തിയായി ഒരാഴ്ചക്കകം ഫലം കൊണ്ടുവരുന്ന രീതി എതിര്‍പ്പിനെ തുടര്‍ന്ന് സാമ്പ്രദായിക രീതിയിലേക്ക് മാറ്റേണ്ടി വന്നു. സാങ്കേതിക സര്‍വകലാശാല വിസി കുഞ്ചെറിയ പി. ഐസക്കിന്റെ തുഗ്ലക്ക് പരിക്ഷകരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.പരീക്ഷ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തുകയുണ്ടായി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലയെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേയ്ക്ക് കടക്കാന്‍ കെ.എസ്.യു യടക്കംവിദ്യാര്‍ത്ഥി സംഘടനകള്‍ ആലോചിക്കുന്നുണ്ട്.