ആന്തൂര്‍:ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന് സാജന് പാറയിലിന്റെ കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി നല്കാന് ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്വെന്ഷന് സെന്ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് പ്രവര്‍ത്തനാനുമതി നല്കാന് തീരുമാനിച്ചത്. പ്രവര്‍ത്തനാനുമതിക്കായി സാജന്റെ കുടുംബം പുതിയ അപേക്ഷ സമര്‍പ്പിച്ചിരുന്നു.നഗരസഭ ചൂണ്ടിക്കാണിച്ച പിഴവുകള്‍ പരിഹരിച്ചശേഷം പുതിയ പ്ലാനോടുകൂടിയാണ് അപേക്ഷ നല്‍കിയത്.
തുറസ്സായ സ്ഥലത്ത് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇക്കാര്യം എളുപ്പം സാധിക്കില്ലെന്ന് ഉടമകള്‍ പറഞ്ഞതിനെത്തുടര്‍ന്ന് വാട്ടര്‍ ടാങ്ക് മാറ്റിസ്ഥാപിക്കാന്‍ ആറ് മാസത്തെ ഇളവും നഗരസഭ അനുവദിച്ചു നല്കി.
പ്രവാസിയായി വര്‍ഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ പണം മുടക്കിയാണ് സാജന് പാറയില്‍ നാട്ടില്‍ കണ്വെന്ഷന് സെന്റര്‍ പണി തുടങ്ങിയത്. എന്നാല്‍ പല ന്യായങ്ങളും പറഞ്ഞ് നഗരസഭ കണ്വെന്ഷന് സെന്ററിനു പ്രവര്‍ത്തനാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് സാജന് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.