കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുതെന്ന് ഹൈക്കോടതി.സാലറി ചലഞ്ചിനെതിരായുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇത് പറഞ്ഞത്.
വിസമ്മതപത്രം ആവശ്യപ്പെടുന്നതിനെ കോടതി വിമര്‍ശിച്ചു.നിര്‍ബന്ധിത പിരിവല്ലെങ്കില്‍ എന്തിനാണ് വിസമ്മത പത്രം ആവശ്യപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.ഒരുമാസത്തെ ശമ്പളത്തിനുള്ള തുല്യമായ തുക ഒരുമിച്ചോ തവണകളായോ നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.സര്‍ക്കാര്‍ ജീവനക്കാര്‍ ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.പ്രതിപക്ഷവും സാലറി ചലഞ്ചിനെതിരെ വലിയ പ്രതിഷേധമാണുയര്‍ത്തിയത്.