തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനായി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെഎസ്ഇബി.സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ ജൂലൈയിലാണ് പൂര്‍ത്തിയായതെന്നും നാളെ തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. നാളെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറുന്നത്.130 കോടി രൂപയാണ് സമാഹരിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനു ശേഷം കെഎസ്ഇബിയുടേയും ജീവനക്കാരുടെയും വകയായി 50 കോടി കൈമാറിയിരുന്നു. സാലറി ചലഞ്ചിനു മുമ്പാണ് ഈ തുക കൈമാറിയതെന്നും പിന്നീട് സമാഹരിച്ച തുക ഒരുമിച്ചു നല്‍കാനാണ് തീരുമാനിച്ചതെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.







