ദില്ലി:സാലറി ചലഞ്ചില്‍ ഹൈക്കോടതിക്കു പിന്നാലെ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി.ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ചാണ് തള്ളിയത്.
ശമ്പളത്തില്‍ നിന്നും സംഭാവന കിട്ടുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന ഉറപ്പും വിശ്വാസ്യതയും ഉണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി നിരീക്ഷിച്ചു.ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.സര്‍ക്കാര്‍ എന്തിന് വിസമ്മതപത്രത്തിന് വേണ്ടി വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു.ശമ്പളം നല്‍കാന്‍ സമ്മതം ഉള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. വിസമ്മതപത്രം നല്‍കണമെന്നത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്.ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.
താനും തന്റെ സഹജഡ്ജിയും (ജ.വിനീത് ശരണ്‍) കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ ഇരുപത്തയ്യായിരം രൂപ സംഭാവന നല്‍കിയതാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. എന്നാല്‍ ഈ തുക എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയില്ല.’സുപ്രീംകോടതി ജഡ്ജിമാരെന്ന നിലയില്‍ ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നല്‍കിയത്. അഥവാ, ഞങ്ങള്‍ക്ക് പണം നല്‍കാന്‍ താത്പര്യമില്ലെങ്കില്‍ അത് നാട്ടുകാരെ അറിയിച്ച് സ്വയം അപമാനിതരാകണമായിരുന്നോ?” ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. നിര്‍ബന്ധിച്ച് വിസമ്മതപത്രം വാങ്ങിയ്ക്കുന്ന തരത്തിലല്ല സര്‍ക്കാര്‍ പ്രവര്‍ത്തിയ്‌ക്കേണ്ടതെന്ന് ജസ്റ്റിസ് വിനീത് ശരണും അഭിപ്രായപ്പെട്ടു.തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരിന്റെ അപ്പീല്‍ തള്ളുന്നതായി കോടതി വ്യക്തമാക്കിയത്.