സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മാത്രമല്ല, സമകാലിക വിഷയങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് ഹരീഷ് പേരാടി. ഇന്ന് ഫെയ്‌സ്ബുക്കില്‍ വൈറലാകുകയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. മലയാള സിനിമ മുഖം മിനുക്കി പുതുമോഡി അണിയുമ്പോളും നാം പലപ്പോഴും കാണാത്ത അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന കാര്യങ്ങള്‍ തുറന്നു പറയുകയാണ് അദ്ദേഹം.

നമ്മുടെ സിനിമാലോകത്ത് നിശബ്ദമായി ഇന്നും നിലനില്‍ക്കുന്ന വര്‍ണ വ്യവസ്ഥയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. മനസില്‍ പതിഞ്ഞ നായക സങ്കല്‍പ്പവും എഴുതപ്പെടാതെ പോകുന്ന അവര്‍ണ്ണരുടെ കഥയും ഇന്നും തുടര്‍ന്നുപോകുകയാണ്. അഥവാ ഇത് തകര്‍ത്ത് ഒരാള്‍ കടന്നുവന്നാല്‍ അത് സംവരണ സിനിമകളായി മുദ്ര കുത്തപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. കലാഭവന്‍ മണിയുടെ ഉദാഹരണം കാണിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നായകന്‍ ഹിന്ദുവാണെങ്കില്‍ നായരായിരിക്കും….ക്രസ്ത്യാനിയാണെങ്കില്‍ കത്തോലിക്കനായിരിക്കും…. മുസ്ലിം മാണെങ്കിലും സ്ഥിതി ഇതുതന്നെ വെളുത്ത നിറമുള്ള തറവാടി… പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമൊന്നും കഥയുമില്ലാ ജിവിതവുമില്ലാ സിനിമയില്‍…. ഇനി എപ്പോഴെങ്കിലും ഇവന്റെ കഥ പറയാന്‍ ആരെങ്കിലും തെയ്യാറായാല്‍ വെളുത്ത സവര്‍ണ്ണനായ താരത്തെ കരിപുശി ദളിതനാക്കും…. സകലകലാവല്ലഭനായ കലാഭവന്‍ മണിക്ക് ഹാസ്യ നടനായി ഏല്ലാ സവര്‍ണ്ണ സിനിമകളിലും സ്ഥാനമുണ്ടായിരുന്നു …. പക്ഷെ മണി നായകനായപ്പോള്‍ അതിനെ മണി സിനിമകള്‍ എന്ന പേരില്‍ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടു…. എന്നാല്‍ എല്ലാ സവര്‍ണ സിനിമകളും കോടി ക്ലബില്‍ കയറണമെങ്കില്‍ 60 ശതമാനത്തിലും അധികമുള്ള പാവപ്പെട്ട ദളിതന്‍ ടിക്കറ്റെടുത്ത് തിയ്യറ്ററില്‍ കയറണം…